ലോനപ്പന്റെ വെടി

രാവിലെ ചായയൊക്കെ കുടിച്ച് പത്ത് മണിക്ക് നല്ല പുളിയില ചമ്മന്തിയും, മീനാക്ഷിയമ്മേടെ കോഴിക്കൂട്ടിൽ നിന്നടിച്ച് മാറ്റി ഫ്രൈ ചെയ്ത കോഴിക്കാലും കൂട്ടി കഞ്ഞിയും കുടിച്ച് ബൂലോഗത്തെ പ്രശസ്ത പത്രം അഗ്രി ന്യൂസ് വായിച്ച് കൊണ്ടിരിക്കുകയായിരുന്നു കുറുക്കച്ചായൻ. കണ്ണുകളിലേക്ക് വീശിയടിച്ച ഉറക്ക മാരുതൻ മെല്ലെ തഴുകിയൊഴുകി പോകവേ വെറുതെ കണ്ണുകൾ ചിമ്മിതുറന്നപ്പോൾ കുറുക്കച്ചായന്റെ കണ്ണുകൾ കറുത്ത് തടിച്ച് ചുവന്ന പരവതാനി വിരിച്ച നിലത്തിൽ ചുരുണ്ട് കിടന്ന് തന്നെ നോക്കി പല്ലിളിക്കുന്ന ഹെണ്ടിങ്ങിലേക്ക് കണ്ണുകൾ ഉടക്കി.

'കോഴി മോഷണം, ലോനപ്പൻ അന്വേഷിക്കും'

അണ്ടി കടിച്ച അണ്ണാനെ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ചായൻ തൽക്കാലം അതൊഴിവാക്കി കുറുക്കനെ കണ്ട കോഴിയെ പോലെ ഞെട്ടിത്തെറിച്ചു. കൊച്ചമ്മിണിയെ കണ്ട് പൊട്ടിച്ചിരിക്കുന്ന സി.ബി.ഐയെപ്പോലെ ഹിഹിഹിഹി എന്ന് അലറിച്ചിരിക്കുന്ന ലോനപ്പന്റെ ഭീകര മുഖം അച്ചായന്റെ കാതുകളിൽ അലയടിച്ചു. ആ അലയടിയിൽ വയറ്റിനുള്ളിൽനിന്നും ഏമ്പക്കമായി പുറത്തേക്കൊഴുകുന്ന ചിക്കൻ കാലിന്റെ ബാക്കിയായ എല്ലിൻ കഷ്ണങ്ങളിലേക്കും അഗ്രിന്യൂസിന്റെ കറുത്ത ഹെഡിംഗിലേക്കും  പിന്നെ പുറത്തെ ഭീകരമായ നിശ്ശബ്ദതയിലേക്കും അച്ചായൻ മാറിമാറി നോക്കി. നോക്കി നോക്കി പിരടി കടഞ്ഞപ്പോൾ അച്ചായൻ ചാടിയെണീറ്റു.

ലോനപ്പൻ അന്വേഷണം ഏറ്റെടുത്തിരിക്കുന്നു. അവൻ ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് വെടിവെച്ചാൽ ഹെന്റെ ബൂലോഗ കുറു ദൈവങ്ങളേ, പിന്നെ ചിന്തിക്കാൻ പോലും കഴിയില്ല. മാങ്ങക്ക് വെച്ചത് കള്ളന് കൊള്ളിക്കുന്നവനാ ലോനപ്പൻ...

പെട്ടന്ന് അച്ചായന്റെ ഡുവൽ കൊർ റ്റു പ്രൊസ്സസ്സർ നിറച്ച തലയിലെ ബെൾബ് പവർകട്ടില്ലാതെ കത്താൻ തുടങ്ങി. താനെന്തിന് പേടിക്കണം. ഇനി ലോനപ്പന്റെ മുന്നിൽ തന്നെ നിന്നാലും തനിക്ക് വെടിയൊന്നും കൊള്ളില്ല. പക്ഷേ ആ സി.ബി.ഐയുടെ കണ്ണിലെങ്ങാനും പെട്ടാലാ പ്രശ്നം. അയാളെങ്ങാനും തട്ടിത്തടഞ്ഞ് വീണാൽ തന്റെ മുകളിലേ വീഴൂ.

സമയം സെലറോൺ പ്രൊസസ്സർ ഘടിപ്പിച്ച കമ്പ്യൂട്ടർ പോലെ ഇഴഞ്ഞിഴഞ്ഞിഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. പെട്ടന്ന് രാത്രിയാകാൻ വേണ്ടി അച്ചായൻ ക്ലോക്കിലെ സമയം മുന്നോട്ട് തിരിച്ച് വെച്ചു.

മുക്കാൽ രാത്രി അച്ചായൻ പതിവ് പോലെ തന്റെ പ്രേമഭോജനങ്ങളായ കോഴികളെ ലക്ഷ്യമാക്കി കുറ്റാകുറ്റിരുട്ടിലേക്ക് ഇറങ്ങി നടന്നു. ലോനപ്പനോ, സി.ബി.ഐയോ കുറുക്കൻ വേട്ടക്കായി ഇറങ്ങിയിട്ടുണ്ടോ എന്ന സംശയത്തിൽ വളരെ ശ്രദ്ധിച്ചാണ് അച്ചായൻ നടന്നത്.

ഇന്ന് മീനാക്ഷിയുടെ കൂട്ടിൽ തന്നെ പോകാം. ഇന്നലെ രണ്ടെണ്ണം അടിച്ച് മാറ്റിയത് കൊണ്ട് അവിടെ ഇനിയും വരില്ലന്ന് ഉറപ്പിച്ച് നല്ല ഉറക്കമായിരിക്കും. പതുങ്ങി പതുങ്ങി കുറുക്കച്ചായൻ മീനാക്ഷിയുടെ കോഴിക്കൂടിന്റെ മുന്നിലെത്തി. ചുറ്റും നോക്കി. വീണ്ടും വീണ്ടും നോക്കി. വീണ്ടും നോക്കി.

പെട്ടന്നാണ് കോഴിക്കൂടിന് മുന്നിൽ എഴുതിവെച്ച ഒരു ബോർഡ് അച്ചായന്റെ കണ്ണിൽ പെട്ടത്.

'കുറുക്കന്റെ ശ്രദ്ധയ്ക്ക്‌, ദയവ് ചെയ്ത് കോഴിമുട്ടകൾ അവിടെ തന്നെ വെക്കുക'

മീനാക്ഷിയുടെ മുട്ടപ്പിരാന്ത് അച്ചായന് മനസ്സിലായി. സാരമില്ല. എനിക്ക് കോഴിമാത്രം മതി. മുട്ട അവളെടുത്തോട്ടെ. അച്ചായൻ പതിയെ കൂട് തുറന്ന് വെളുത്ത് തടിച്ച തന്റെ നേരെ പ്രേമത്തോടെ കഴുത്ത് നീട്ടി നിൽക്കുന്ന സുന്ദരി കോഴിയെ തന്നെ കയ്യിലാക്കി തിരിഞ്ഞ് നടന്നു.

പെട്ടന്നാണ് മീനാക്ഷിയുടെ വീട്ടിനകത്ത് ഒരാളനക്കം അച്ചായന്റെ കണ്ണിൽ പെട്ടത്. അച്ചായൻ സ്ലോ മോഷനിൽ തല തിരിച്ച് നോക്കിയപ്പോൾ കണ്ടു ലോനപ്പൻ. വടക്കേ പറമ്പിൽ വെടിവെക്കാൻ ഉന്നം പിടിച്ചിരിക്കുന്ന ലോനപ്പൻ.

'ഹെന്റമ്മോ'  കുറുക്കന്റെ നിലവിളി തൊണ്ടയിൽ കുരുങ്ങി.



------ശുഭം-----

ഒബാമച്ചായന്റെ സ്വന്തം കുറുക്കേട്ടൻ

ദാ ഇവിടെ.....

ഒബാമച്ചായന്റെ സ്വന്തം കൂറുക്കേട്ടൻ

തിരാവിലെത്തന്നെ കെ.കുറുക്കൻ ഓരിയിട്ട് തുടങ്ങിയപ്പോഴെ അയലോക്കത്തെ അമ്മിണിയേടത്തിക്ക് കാര്യം പിടികിട്ടി. ഇന്ന് കുറുക്കൻ പൊസ്റ്റാൻ പോകാണ്. തന്റെ നാണുവേട്ടന്റെ കൂർക്കം വലിയേക്കാൾ വലിയ സൈറണിട്ട് കൂവുന്ന കുറുക്കന്റെ ഓരി കേൾക്കുമ്പോഴേ അമ്മിണിയേടത്തി ഒരുക്കങ്ങൾ തുടങ്ങും. ആർക്ക് കമന്റിയില്ലേലും കുറുക്കന് കമന്റിയില്ലെങ്കിൽ തന്റെ വീട്ടിലെ ഒരറ്റ കോഴിക്കുഞ്ഞുങ്ങളും നാളെ സൂര്യോദയം കാണില്ലന്ന തിരിച്ചറിവ് അമ്മിണിയേടത്തിക്ക് നല്ലോണം ഉണ്ട്. എന്തെങ്കിലും കമന്റിയാലും പോര, ഗിടിലൻ, കൊള്ളാം, നന്നായി, സൂപ്പർ എന്നൊക്കെ കമന്റിയാലൊന്നും കുറുക്കൻ ചേട്ടന് ഇഷ്ടപ്പെടില്ലന്ന് അമ്മിണിയേടത്തിക്കെന്നല്ല, ബൂലോഗത്തെ എല്ലാവർക്കും അറിയാം. തന്റെ പൊസ്റ്റുകളൊന്നും അഗ്രിക്കുറുപ്പ് കാണുന്നില്ലന്ന് കണ്ട് അഗ്രിക്കുറുപ്പിന്റെ വീട്ടീന്ന് രായ്ക്ക് രാമാനം 10 കോഴികളെ കമന്റോടെ പൊക്കി പോസ്റ്റിയവനാണ് കുറുക്കൻ.

തന്റെ പോസ്റ്റിന് കമന്റടിക്കുന്നവരെ ഒരിക്കലെങ്കിലും ചെന്ന് സുഖവിവരം അന്വേഷിക്കാനെന്നല്ല തന്റെ ബ്ലോഗ് വിട്ട് എവിടേയും പോകാൻ തന്നെ കെ.കുറുക്കന് മടിയാണ്. അത് മാത്രമല്ല. എല്ലാ പോസ്റ്റിലും തന്റെ വീരശൂര പരാക്രമങ്ങൾ വിളിച്ച് പറഞ്ഞ് പ്രദേശത്തെ എല്ലാ കോഴിക്കുഞ്ഞുങ്ങളേയും വിരട്ടുന്നത് കുറുക്കന്റെ ഒരു ഹോബിയായി മാറിയിരിക്കുന്നു. ഒരിക്കൽ അമേരിക്കയിലേക്ക് ഒബാമച്ചായന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയി ഹിലാരിക്കുഞ്ഞമ്മക്ക് മേൽ കണ്ണ് വെച്ചതിന് അമേരിക്കയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞതിന് ക്ലിന്റായൻ തിരുമേനി പിടിച്ച പുലിവാല് ബൂലോഗത്തെ എല്ലാ രാജാക്കന്മാർക്കും പിടിയുള്ളതാണ്. എന്ന് മാത്രമല്ല, അവസാനം ഹിലാരിക്കുഞ്ഞമ്മയുടെ ചന്തിക്ക് മെല്ലെ തട്ടി ‘ഹമ്പടി ഗള്ളീ‘ എന്ന് മൊഴിഞ്ഞ് കുറുക്കൻ ചേട്ടൻ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോരുമ്പോൾ തന്നെ സ്വീകരിക്കാൻ രോമാഞ്ചകുഞ്ചകമണിഞ്ഞ് കാത്തിരിക്കുന്ന ഇന്ത്യൻ തരുണിമണികളെ ഒന്ന് കടാക്ഷിക്കുക പോലും ചെയ്യാ‍തെ വി.ഐ.പി കവാടത്തിലൂടെ പുറത്ത് കടന്ന് ജീൻസിന്റെ പോക്കറ്റിൽ പിടിപ്പിച്ച വാക്ക്മാൻ ഓണാക്കി, സി.ബി.ഐ. മ്യൂസിക്കിട്ട് മുങ്ങിയതാണ്. പിന്നെ ഇന്നാണ്‌ അച്ചായൻ വരുന്നത്.

പോസ്റ്റിട്ട ദിവസം തന്നെ നൂറ് വാരം ഓടിയില്ലങ്കിൽ കുറുക്കേട്ടൻ മീശപിരിക്കും. മീശപിരിച്ചാൽ പിന്നെ ഏതെങ്കിലും കോഴിക്കുഞ്ഞിനെ എടുത്ത് പോസ്റ്റി ഏമ്പക്കം വിട്ടിട്ടേ കുറുക്കേട്ടന്റെ രോഷം ശമിക്കൂ....കപ്പ പുഴുങ്ങിയതും നല്ല കാപ്പിലെ കള്ളും കിട്ടുന്ന എല്ലാ തോന്ന്യാസികളും ഒന്നിക്കുന്ന ആൽത്തറച്ചുവട്ടിലേക്ക് നമ്മുടെ കുറുക്കച്ചാര് കിംഗ് സ്റ്റൈലിൽ പിന്നിലെ മുടി അലക്ഷ്യമായി ഇടത് കൈകൊണ്ട് തടവിയൊതുക്കി നടന്ന് വന്നപ്പോൾ ആരും എണീറ്റ് മുണ്ടഴിച്ചിട്ടീല്ലന്ന് ഒരൊറ്റ കാരണം കൊണ്ടാ കുറുക്കച്ചാരുടെ ഫാൻസ് അസോസിയേഷൻ ബൂലോഗം മുഴുവൻ കറുപ്പിച്ചിട്ട് ഇപ്പോഴും വെളുക്കാതിരിക്കുന്ന പാവപ്പെട്ട ഒരു നേരത്തെ പോസ്റ്റാൻ വകയില്ലാത്ത പോസ്റ്റിണിപ്പാവങ്ങൾ ഇന്നും ഇവിടെയൊക്കെ അലഞ്ഞ് നടക്കുന്നുണ്ട്.

എന്നാൽ ഇതൊന്നും ആയിരുന്നില്ല, അമ്മിണിയേടത്തിക്ക് കുറുകുറുക്കച്ചായന്റെ ബ്ലോഗിൽ കമന്റിടാൻ വേറെ ചില ഇതൊക്കെയുണ്ട്. അമ്മിണിയേടത്തിയെന്നല്ല ബൂലോഗത്തെ എല്ലാ ബ്ലോഗിണികളും കൊതിക്കുന്ന സാമീപ്യമാണ് കെ.കുറുക്കൻ എന്ന ഒടുക്കത്തെ ഗ്ലാമർതാരത്തിന്റേത്. അത് കൊണ്ട് തന്നെ പുരുഷ നാമത്തിൽ ബ്ലോഗിയാൽ കമന്റ് ബോക്സ് നിറയുമെന്ന് അറിയാവുന്നവനാണ് നമ്മുടെ കുറുക്കന്റെ പുത്തിയുള്ള കെ.കുറുക്കൻ. തന്റെ പോസ്റ്റായ പോസ്റ്റിലെല്ലാം തരുണീ മണികളായ ലോക പ്രശസ്ത നെഴ്സുമാരുമായുള്ള ലീലാവിലാസങ്ങൾ കുത്തിനിറച്ച് കുറുക്കൻ ഒരു വരവുണ്ട്. ആ വരവ് കാത്ത് എല്ലാ ബ്ലോഗ് അസോസിയേഷൻ അംഗങ്ങളും അക്ഷമരായി കാത്തിരിക്കുകയാണ്.

പക്ഷേ, തന്നെ കാത്തിരിക്കുന്ന ബ്ലോഗിണി ബ്ലോഗൻ വായനക്കാരുടെ മനോവിഷമം അറിയാതെ, അഗ്രിക്കുറുപ്പന്മാർ വിസർജ്ജിക്കുന്ന വല്ല ഏഴാം കൂലി പോസ്റ്റിൽ നിന്നും കിട്ടുന്ന നാലഞ്ച് വരികൾ കൂട്ടിയെഴുതി ഒരു പോസ്റ്റാക്കാനുള്ള തിരക്കിലാണ് നമ്മടെ കുറുക്കേട്ടനെന്ന് പക്ഷേ ബൂലോഗമായ ബൂലോഗമെല്ലാം സഞ്ചരിച്ചിട്ടും തലയിൽ കളിമണ്ണില്ലാത്ത ഒരു ബ്ലോഗ് മുതലാളിമാർക്കും അറിയില്ല.

തുടരോന്നറിയില്ല...
തുടർന്നാലും ഇല്ലങ്കിലു...
കുറുക്കേട്ടന് നല്ലോണം വിശക്കുണു...
ബ്ലോഗ് വായിക്കുന്നവർ കോഴിക്കൂട് തുറന്നിടുക..

കുറുക്കൻ

എന്റെ നാട്ടിൽ കുറുക്കനില്ല. ഞാൻ ഒരു കുറുക്കനെ ഇതു വരെ കണ്ടിട്ടില്ല. എങ്കിലും ഞാൻ ചിലപ്പോഴൊക്കെ കേൾക്കുന്നു അവനൊരു കുറുക്കനാന്ന്. ഇത് യാരപ്പാ ഈ കുറുക്കൻ.എന്നാൽ ഇത് അറിഞ്ഞിട്ട് തന്നെ കാര്യം.

എല്ലാവർക്കും എന്റെ നമസ്കാരം.
സുഖമായിരിക്കട്ടേ!!

അപ്പോൾ കുറുക്കൻ ഓരിയിടാൻ സമയമായി..
ഒരുങ്ങിയിരുന്നോളൂ..